ആലപ്പുഴ: അരൂർ ദേശീയപാതയിലെ മേൽപാല നിർമ്മാണ മേഖലയിലൂടെ ഭാരവാഹനങ്ങൾ വഴിതിരിച്ച് വിടുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തത് ഗതാഗതകുരുക്ക് രൂക്ഷമായി വർധിച്ച സാഹചര്യത്തിലാണ് സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് ബി. അൻഷാദ് ജില്ലാ കലക്ടർക്ക് കഴിഞ്ഞ ജൂണിൽ നിവേദനം നൽകിയത്. എന്നാൽ നിവേദനത്തിൽ ഉന്നയിച്ച ഒരു കാര്യം പോലും ഇത് വരെ നടപ്പാക്കിയിട്ടില്ലായെന്നത് ജില്ലാ ഭരണകൂടം നൽകിയ മറുപടിയിലൂടെ വ്യക്തമാകുന്നതായി ബി. അൻഷാദ് പറഞ്ഞു. എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങളും ഇപ്പോഴും മേൽപാല നിർമ്മാണ മേഖലയിലൂടെ ഗതാഗതം തുടരുന്നത് ഗതാഗത പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു.
ഹൈക്കോടതി സ്വമേധ്യേ കേസെടുത്ത് കരാർ കമ്പനിയെയും അധികൃതരെയും രൂക്ഷമായി വിമർശിച്ചതോടെയാണ് ഇടക്ക് നടപടികൾ വേഗത്തിലാക്കിയത്. പിന്നീട് വീണ്ടും പഴയത് പോലെയായി. എറണാകുളത്ത് നിന്ന് വരുന്ന വാഹനങ്ങൾ നിർമ്മാണ മേഖലയിൽ പ്രവേശിക്കാതെ പോകുമെന്ന ഉറപ്പ് വെള്ളത്തിലാക്കിയിരിക്കുകയാണ്. ചാവടി, തുറവൂർ വഴി ബ്ലോക്കില്ലാതെ എളുപ്പം എത്താം. കെൽട്രോൺ-കുമ്പളങ്ങി കടത്തും, എരമല്ലൂരിൽ എത്തുവാൻ അരൂക്കുറ്റി, തൃച്ചാറ്റുകുളം വഴി കുടപുറം കടത്തും പ്രയോജനപ്പെടും.
വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവർ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ആകാശപാതയിൽ. ഭാരവാഹനങ്ങൾ ഇപ്പോഴും ദേശിയ പാതയിലൂടെയാണ് കടന്ന് പോകുന്നത്. അവശ്യ സർവ്വീസായ ആംബുലൻസുകൾക്ക് പോലും കടന്ന് പോകാൻ പറ്റാത്ത വിധത്തിലാണ് ഭാരവാഹനങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ് ലംഘിച്ച് നിർമ്മാണമേഖലയിലൂടെ സഞ്ചരിക്കുന്നത്. തടയാൻ നടപടി സ്വീകരിക്കണമെന്ന് സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് ബി. അൻഷാദ് കളക്റോട് ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോഴും നടപടി ആകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.