ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ച് മെമ്പർമാർ

തൃപ്പൂണിത്തുറ: കുടിവെള്ള വിഷയത്തിൽ ഉദയംപേരൂർ പഞ്ചായത്തിലെ ജനങ്ങളെ  ഒറ്റുകൊടുത്ത  പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് മെമ്പർമാരായ ഏഴ് പേരും സ്വതന്ത്ര അംഗം ഉൾപ്പെടെ പഞ്ചായത്ത് കമ്മറ്റിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു. മെയ് മാസത്തിൽ കോൺഗ്രസിന്റെ  പഞ്ചായത്ത് മെമ്പർമാരും സ്വതന്ത്ര അംഗവും ഉദയംപേരൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജല അതോറിറ്റി ഓഫീസിനു മുൻപിൽ രാപ്പകൽ സമരം നടത്തിയിരുന്നു.

തുടർന്ന് ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെ നടത്തിയ ചർച്ചയിൽ 48 മണിക്കൂർ തുടർച്ചയായി കുടിവെള്ളം ഇടവിട്ട് ഇരു പഞ്ചായത്തുകൾക്കും നൽകാമെന്നും ആമ്പല്ലൂർ പഞ്ചായത്തിലെ പൈപ്പ് ലൈനിൽ  ഫ്ലോ മീറ്റർ പിടിപ്പിക്കാനും ജൂൺമാസം ആറാം തീയതി റിവ്യൂ കമ്മിറ്റി കൂടാമെന്നും തീരുമാനമെടുത്തിരുന്നു. എന്നാൽ നാളിതുവരെ തുടർനടപടികളോ മീറ്റിങ്ങുകളോ ഒന്നും ഉണ്ടായിട്ടില്ലെന്നും കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ 23-08-24 ന് ജല ഉപദേശക സമിതിയുടെ അവലോകനയോഗം തൃപ്പൂണിത്തുറ ഗസ്റ്റ് ഹൗസിൽ ചേർന്നെങ്കിലും ഉദയംപേരൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ആരും തന്നെ പങ്കെടുത്തില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഉദയംപേരൂർ പഞ്ചായത്തിലെ ജനങ്ങളെ വഞ്ചിച്ച നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും ഡിജി കേരള പദ്ധതി നടത്തിപ്പിലെ അപാകതയിലും പഞ്ചായത്ത് സ്റ്റാൻഡിങ് കൗൺസിലിനെ തീരുമാനിക്കാത്തതിലും പ്രതിഷേധിച്ച് മെമ്പർമാരായ എം. പി. ഷൈമോൻ, ടി. എൻ. നിമില്‍രാജ്, ആനി അഗസ്റ്റിൻ, സോമിനി സണ്ണി, ബിനു ജോഷി, നിഷ ബാബു, സ്മിതാ രാജേഷ്, എം. കെ. അനിൽകുമാർ തുടങ്ങിയവർ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഇറങ്ങി പോയി പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here