കുണ്ടന്നൂർ-അങ്കമാലി ദേശീയപാത: വ്യാപാരികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

മരട്: കുണ്ടന്നൂർ-അങ്കമാലി പുതിയ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന സ്ഥാപന ഉടമകളുടെ യോഗം ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ നഷ്ടമാകാത്ത രീതിയിൽ അലൈൻമെന്റ് പുനർ നിർമ്മിക്കണമെന്ന് നെട്ടൂർ വ്യാപാരഭവനിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

നഷ്ടപ്പെടുന്ന വ്യാപാര സ്ഥാപന ഉടമകൾക്ക് മരട്  പച്ചക്കറി മാർക്കറ്റിൽ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിത് പുനരധിവാസം ഉറപ്പാക്കുക, വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മരട് നഗരസഭ ചെയർമാനും ജില്ല കളക്ടർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി തീരുമാനിച്ചു.

ആദ്യ അലൈൻമെന്റിൽ നെട്ടൂരിലെ 50 ഓളം വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും ഇല്ലാതാകുമെന്നാണ് വിവരം. മരട് മാർക്കറ്റ് ഗേറ്റ് മുതൽ ഹൈവേ വരെയും അവിടെ നിന്ന് നെട്ടൂര് നിപ്പോൺ ടൊയോട്ടയുടെ സമീപത്താണ് ഈ ഹൈവേ അവസാനിക്കുന്നത്. ബാങ്ക് ലോണുകൾ  എടുത്തും സ്വർണ്ണങ്ങൾ പണയം വെച്ചുമാണ് ഒരുപാട് പ്രതീക്ഷകളോടെ വ്യാപാരികൾ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുള്ളത്. കൂടാതെ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 150 ഓളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വഴിയാധാരമാവുമെന്നും തങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ലോൺ എടുത്തിട്ടുള്ള ഭീമമായ തുക അടക്കുവാൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here