നാടക നടൻ കലാനിലയം പീറ്റർ അന്തരിച്ചു

കൊച്ചി: പ്രശസ്ത നാടക നടൻ കലാനിലയം പീറ്റർ (84) അന്തരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്നു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കുമ്പളത്താണ് പീറ്റർ ജനിച്ചത്. ഇപ്പോൾ ഇടക്കൊച്ചിയിലാണ് താമസം. സ്നാപക യോഹന്നാൻ എന്ന നാടകത്തിൽ ഹെറോദ്യ റാണിയുടെ വേഷം അഭിനയിച്ചു കൊണ്ടാണ് നാടക വേദിയിലേക്കുള്ള രംഗപ്രവേശം. പിന്നീട് കലാനിലയത്തിൽ എത്തി. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ദേവദാസി എന്നീ നാടകങ്ങളിൽ അഭിനയിച്ച് പള്ളിപ്പറമ്പിൽ പീറ്റർ കലാനിലയം പീറ്റർ എന്നറിയപ്പെടുവാൻ തുടങ്ങി.

സർക്കാർ സർവ്വീസിലായിരുന്നപ്പോഴും ജോലിത്തിരക്കിനിടയലും നാടകാഭിനയം ഒരു വ്രതമായി ഏറ്റെടുത്തു. കൊച്ചിൻ ദൃശ്യകലാഞ്ജലി, കൊച്ചിൻ ഹരിശ്രീ കാഞ്ഞിരപ്പള്ളി അമല കോട്ടയം സമഷ്ടി, കൊച്ചിൻ രംഗശ്രീ കൊച്ചിൻ നയന, കൊച്ചിൻ സിത്താര കൊച്ചിൻ സദസ്സ്, നളന്ദനടനകലാകേന്ദ്രം കൊല്ലം അനശ്വര തുടങ്ങി ഒട്ടേറെ സമിതികളിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത് അംഗീകാരം നേടി. ജോസി പെരേരയുടെ സ്വരങ്ങൾ, അശ്രുപൂജ സ്മൃതി തുടങ്ങിയ ഏകാംഗ നാടകവുമായി പരശരതം മത്സരവേദികളിൽ പങ്കെടുത്ത് എണ്ണമറ്റ പുരസ്കാരങ്ങൾ നാടകത്തിനും അഭിനയത്തിനും ലഭിച്ചു.

കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഒട്ടേറെ സാംസ്ക്കാരിക സംഘടനകളുടെ മുൻനിര പ്രവർത്തകനായിരുന്നു. ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാമന്ദിരം അഭിനയ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. വി. എസ്. കൃഷ്ണൻ ഭാഗവതർ ആദരവും നേടിയിട്ടുണ്ട്. സവാക് എറണാകുളം ജില്ല, കൊച്ചി മേഖലയും ആദരവു നൽകിയിട്ടുണ്ട്. അസുഖബാധിതനായി കിടപ്പിലായിരുന്നു ഇന്നു പുലർച്ചേ ആയിരുന്നു അന്ത്യം. ഭാര്യ: അമ്മിണി. മക്കൾ: ഡെൽവി, ഡെൽന, ഡെന്നി പീറ്റർ. സംസ്ക്കാരം ഇന്ന് 18-09-24 ബുധൻ വൈകീട്ട് 4 ന് ഇടക്കൊച്ചി സെൻ്റ്. മേരീസ് പള്ളി സെമിത്തേരിയിൽ. 

LEAVE A REPLY

Please enter your comment!
Please enter your name here