പനങ്ങാട്: ഉദയത്തും വാതിൽ യു.പി. സ്കൂളിന് സമീപം തെക്കെ വേലക്കടവ് ഭാഗത്ത് ചേപ്പനം കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദയത്തും വാതിലിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി വടിവേലു (49) വിൻ്റെ മൃതദേഹമാണെന്ന് സംശയമുള്ളതായി പനങ്ങാട് പൊലീസ് സ്റ്റേഷൻ എസ് ഐ ഹരിശങ്കർ പറഞ്ഞു. കൂടെ ജോലിക്ക് പോയിരുന്നവർ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ബന്ധുക്കൾ എത്താതെ ഉറപ്പിക്കാൻ കഴിയില്ലെന്നാണ് ലഭ്യമായ വിവരം.
പനങ്ങാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് ലഭ്യമായ വിവരം. തെക്കെ വേലക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ് വടിവേലു. കാല് തെറ്റി കായലിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടോടെ ഈ ഭാഗത്ത് നിന്നും ദുർഗന്ധം വമിച്ചതായും പറയപ്പെടുന്നു.
വലയിടാൻ പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. പോള പായലുകൾക്കിടയിലായിരുന്നു മൃതദേഹം. ജോലിക്കായി പത്ത് വർഷത്തിലധികമായി വടിവേലു കേരളത്തിലെത്തിയിട്ട്. ഇയാൾക്ക് മൂന്ന് മക്കളുണ്ടെന്നാണ് ലഭ്യമായ വിവരം. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇവരെത്തി മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം മറ്റ് നടപടികൾ പൂർത്തിയാക്കി വിട്ട് കൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.