കാപ്പാ കേസ് പ്രതിയുടെ കൊലപാതകം: പ്രതി പിടിയിൽ

അരൂർ: എരമല്ലൂർ എൻ വീസ് ബാറിന് സമീപമുള്ള പൊറോട്ടാ കമ്പനിയിൽ സെൽസ്മാൻ ആയി ജോലി നോക്കിയിരുന്ന കോട്ടയം മണർകാട് സ്വദേശിയായ ജയകൃഷ്ണൻ എന്നയാളെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി അരൂർ പൊലീസിൻ്റെ പിടിയിലായി. കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുത്തിയതോട് പുന്നവേലി നികര്‍ത്ത് വീട്ടിൽ പ്രേംജിത്ത് (23) ആണ് അരൂർ പൊലീസിന്റെ പിടിയിലായത്.

ഇന്ന് വെളുപ്പിനെ 4.30 മണിയോടെ എരമല്ലൂർ എൻ വീസ് ബാറിന് കിഴക്ക് വശമുള്ള ത്രീസ്റ്റാർ എന്ന പൊറോട്ട കമ്പനിയിലാണ് നാടിനെ നടുക്കുന്ന കൊലപാതകം ഉണ്ടായത്. കമ്പനിയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പൊറോട്ട സപ്ലൈ ചെയ്യുന്ന ജയകൃഷ്ണന്റെ വാഹനത്തിലേ സഹായിയാണ് പ്രതിയായ പ്രേംജിത്. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകാശ്രമം, മുതലായ കേസുകളിൽ പ്രതിയായിരുന്ന ജയകൃഷ്ണൻ കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാട്ടുകടത്തിയതിനെ തുടർന്നാണ് ഈ സ്ഥാപനത്തില്‍ ജോലിക്കു കയറിയത്.

ഇവർ ഒരുമിച്ച് സപ്ലൈക്ക് പോകുന്ന സമയങ്ങളിൽ ജയകൃഷ്ണൻ പ്രേംജിത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. . ഈ കാരണങ്ങൾ കൊണ്ടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കമ്പനിയിലെ ജോലിക്കാർ വിശ്രമിക്കുന്ന വീട്ടിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ജയകൃഷ്‌ണനെ പ്രതി തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാരകൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് മുതുകത്തു കുത്തിയുമാണ് കൊലപാതകം നടത്തിയത്.

കൊലപാതകത്തിന് ശേഷം മുറിയില്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍ പോലീസ് കണ്ടെത്തി. ദൃക്സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ പരിശോധനയുടെയും സാങ്കേതിക പരിശോധനയുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. പോലീസ് കസറ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. അരൂർ സർക്കിൽ ഇൻസ്‌പെക്ടർ ഷിജു പി എസിന്റെയും സബ് ഇൻസ്പെക്ടർ എസ്.ഗീതുമോളുടെയും നേതൃത്വത്തിൽ ഉള്ള

അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഡീഷണൽ സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സാജൻ, ബൈജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെകറ്റർമാരായ സുധീഷ് ചന്ദ്രബോസ്, വിനോദ്, പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്‌, വിജേഷ്, രതീഷ്, നിധീഷ്, ശ്യാംജിത്ത്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ജയകൃഷ്ണന്റെ മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here