മരട്: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എം.എൽ.എയുമായ മുകേഷിനെതിരേ കേസ് എടുത്തു. മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ഐ.പി.സി. 354-ാം വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. മരടിലുള്ള മുകേഷിൻ്റെ വില്ലയിൽ എത്തിച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് നടനും എംഎൽഎയുമായ മുകേഷിനെതിരേ മരട് പൊലീസ് കേസെടുത്തത്. അമ്മയിൽ മെമ്പർഷിപ്പ് നൽകാമെന്ന് പറഞ്ഞ് നടൻ മുകേഷ് ബിഎംഡബ്ല്യു കാറിൽ എത്തിച്ചാണ് പീഡിപ്പിച്ചതെന്ന് നടി മൊഴി നൽകിയിട്ടുണ്ട്. പീഡിപ്പിച്ചതിനും തടങ്കൽ വെച്ചതിനും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിനുൾപ്പെടെ നാല് വകുപ്പുകളാണ് മുകേഷിനെതിരേ ചുമത്തിയിട്ടുള്ളത്. കൂടാതെ ലൈംഗിക പീഡന പരാതിയിൽ സിനിമ മേഖലയിലെ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്.