മരട്: പാചക വാതക സിലിണ്ടർ കയറ്റി വന്ന ലോറി ഇടിച്ച് സ്കൂട്ടർ യാത്രിക്കാരിയായ ആശുപത്രി ജീവനക്കാരി മരിച്ചു. പനങ്ങാട് ചേപ്പനം കോലോത്തും വീട്ടിൽ ജൂഡ് ഭാര്യ പി. ജെ. മേരി ഷൈനി (52) ആണ് മരിച്ചത്. ഫോർട്ട് കൊച്ചി താലൂക്കാശുപത്രിയിലെ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ്. മുമ്പ് മരട് നഗരസഭയിലെ 23-ാം ഡിവിഷനിൽ ആശാ വർക്കറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
തേവരയ്ക്ക് സമീപം ശാന്തിനഗർ ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മേരി ഷൈനിയുടെ സ്കൂട്ടറിൽ അതേ ദിശയിലൂടെ പിന്നിലൂടെ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി തൽക്ഷണം മരിച്ചു. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. മക്കൾ: സിബിൻ, അഭിഷേക്.