മരട്: മരടിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് നിവേദനം നൽകി മരട് നഗരസഭ. ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ തുപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് യാത്രാക്ലേശം പരിഹരിക്കുന്നതിനായി എം.എൽ.എ കെ. ബാബു വിളിച്ചു ചേർത്ത യോഗത്തിൽ മരട് നഗരസഭ പരിധിയിലെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് തയ്യാറാക്കിയ കത്ത് നഗരസഭാധ്യക്ഷൻ ആൻ്റണി ആശാം പറമ്പിൽ എം.എൽ.എയ്ക്ക് കൈമാറി.
മരടിൻ്റെ വിവിധ പ്രദേശങ്ങളിലും നെട്ടൂരിൻ്റെ വിവിധ പ്രദേശങ്ങളിലും ബസ്സ്റൂട്ടുകൾ രൂപീകരിക്കണമെന്ന ആവശ്യവും കത്തിൽ ചുണ്ടിക്കാണിച്ചിട്ടുണ്ട്. മരട് നഗരസഭ ഉപാധ്യക്ഷ അഡ്വ. രശ്മി സനിൽ, കൗൺസിലർമാരായ ദിഷ പ്രതാപൻ, ഷീജ സാൻകുമാർ, സീമ കെ.വി, ജിജി പ്രേമൻ, ജോ. ആർ.ടി.ഒ എന്നിവർ സംസാരിച്ചു.
മരട് നഗരസഭയുടെ നിർദേശങ്ങൾ:
1. മരടിൽ നിന്ന് തൃപ്പൂണിത്തുറയ്ക്കുള്ള ബസുകളിൽ പലതും പേട്ടവഴി പോകേണ്ടതിനു പകരം മിനി ബൈപാസ് വഴി ഓടുന്നു. ഇതുമൂലം മെട്രോ സ്റ്റേഷനുകളിലേക്കും വടക്കേ കോട്ട, എരൂർ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടവരും തൃപ്പൂണിത്തുറ സ്റ്റാൻഡിൽ ഇറങ്ങി വേറെ വണ്ടി പിടിക്കണം. വളരെ കുറച്ച് കെഎസ്ആർടിസി ബസുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. തോപ്പുംപടിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നതിൽ കുറച്ചു ബസുകൾ തൃപ്പൂണിത്തുറയ്ക്കു നീട്ടുകയോ എറണാകുളത്തേക്കു സർവീസ് നടത്തുന്നതിൽ ചിലത് മരട് വഴി തിരിച്ചു വിട്ടോ പ്രശ്നം പരിഹരിക്കാം. തൃപ്പൂണിത്തുറയ്ക്കു സർവീസ് നടത്താൻ തയാറാണെങ്കിലും കെഎസ്ആർടിസിയുടെ എതിർപ്പാണ് പെർമിറ്റിനു തടസ്സമാകുന്നതെന്ന് തോപ്പുംപടിയിലെ ബസുടമകൾ പറയുന്നു. എന്നാൽ കെഎസ്ആർടിസി സർവീസ് നടത്തുന്നുമില്ല. മരട് വഴി ബസുകൾ ഉണ്ടെങ്കിൽ കാക്കനാട് നിന്ന് പശ്ചിമ കൊച്ചി ഭാഗത്തേക്കുള്ള യാത്രികർക്ക് ഏറെ പ്രയോജനപ്പെടും.
2. പൂണിത്തുറ മിനി ബൈപാസ് ജംക്‌ഷനിലെ തീരാത്ത കലുങ്ക് നിർമാണം കാരണം ഗതാഗത കുരുക്കാണ്. 3 ഘട്ടമായി കലുങ്ക് പണിയും എന്നു പറഞ്ഞ് മേയിൽ തുടങ്ങിയ പണിയാണ്. ആദ്യഘട്ടിത്തിനായി 3 മാസമാണ് എടുത്തത്. ഇപ്പോൾ രണ്ടാം ഘട്ടം തുടങ്ങാനായി റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിട്ട് ഒരാഴ്ച കഴിഞ്ഞു. പണി തീരും വരെ രാവിലെയും വൈകിട്ടും ഗതാഗത ക്രമീകരണം നടപ്പിലാക്കണം. നിർദേശങ്ങൾ. തൃപ്പൂണിത്തുറ ഭാഗത്തു നിന്നു വൈറ്റിലയ്ക്കുള്ള വാഹനങ്ങൾ മിനി ബൈപാസിലേക്കു കടക്കാതെ തൃപ്പൂണിത്തുറയിലെ മറ്റു റോഡുകളിലൂടെ തിരിച്ചു വിട്ടാൽ ഗതാഗത തടസ്സം ഒരളവുവരെ കുറയ്ക്കാനാകും. പേട്ട ഭാഗത്തേക്കുള്ള ഇരുചക്ര– മുച്ചക്ര വാഹനങ്ങൾ വിക്രം സാരാഭായ് റോഡ് – താമരശേരി റോഡ് വഴിയും തിരിച്ചു വിടാനാകും. ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടും വിധം ദിശാ ബോർഡുകളും സ്ഥാപിക്കണം.
3. ന്യൂക്ലിയസ് മാളിനു സമീപത്ത് റോഡിനു കുറുകെയുള്ള കട്ടിങ്ങ് അപകടത്തിനും ഗതാഗത തടസ്സത്തിനും വഴിവയ്ക്കുന്നു. ടൈലുകൾ അകന്നതിനാലാണ് വിള്ളൽ വന്നിട്ടുള്ളത്. ഇതു പരിഹരിക്കാൻ കരാറുകാർക്കു നിർദേശം നൽകണം.
4. കുണ്ടന്നൂരിൽ ആരംഭിച്ച കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ(എൻഎച്ച് 85) അറ്റകുറ്റപ്പണി പാതിവഴിയിൽ നിർത്തിയ നിലയിലാണ്. കുണ്ടന്നൂർ വാട്ടർ പമ്പിനു സമീപം, കുണ്ടന്നൂർ ജംഗ്ഷനിൽ ചേരുന്ന ഭാഗം, മരട് കൊട്ടാരം ജംഗ്ഷൻ എസ്എൻ പാർക്കിനു സമീപം, മരട് മൂത്തേടം ജംക്‌ഷൻ എന്നിവിടങ്ങളിൽ ടാറിങ്ങ് ചെയ്യാതെ ഒഴിച്ചിട്ടിരിക്കുകയാണ്. മാസങ്ങളായി ഇതാണു സ്ഥിതി. കുഴിയിലേക്കു വീണ് അപകടം പതിവാണ്.
5. മരട് കൊട്ടാരം ജംക്‌ഷനിലെ അപകട വളവിൽ സിഗ്നനലും മീഡിയനും ഇല്ല. റോഡ് നവീകരണത്തിന്റെ പേരിൽ മാസങ്ങൾക്കു മുൻപാണ് ഇവ എടുത്തുമാറ്റിയത്. ഇതു പുനഃസ്ഥാപിക്കണം.
6. പഴയ സിനി തിയറ്ററിനു മുന്നിൽ ടൈൽ ഇളകി രൂപം കൊണ്ട കുഴിയിൽ ഇതിനകം ഒട്ടേറെ സ്കൂട്ടർ യാത്രികർ വീണു. ദുരന്തത്തിനു കാത്തു നിൽക്കാതെ അതു മൂടണം.
7. മരട് മൂത്തേടം ജംക്‌ഷനിലെ സീബ്രാ ലൈൻ പുനഃസ്ഥാപിക്കണം. ഏറെ തിരക്കും 2 റോഡുകൾ ദേശീയ പാതയിൽ എത്തിച്ചേരുന്ന ജംക്‌ഷനുമായ ഇവിടെ ട്രാഫിക് ഗാർഡിന്റെ സേവനം അത്യാവശ്യമാണ്.
8. കുണ്ടന്നൂർ മുതൽ മിനി ബൈപാസ് ജംക്ഷൻ വരെ റോഡിൽ ഫുട്പാത്ത്, മീഡിയൻ എന്നിവ സ്ഥാപിക്കണം.
9.കുണ്ടന്നൂർ തേവര പാലത്തിന് താഴെ നെട്ടൂരിലൂടെയുള്ള പഴയ ബസ് സർവീസ് പുനസ്ഥാപിക്കണം
10.കുണ്ടന്നൂർ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറലേക്ക് പോകുന്ന റോഡിൽ സെൻട്രൽ ലൈനുകളും സൈറ്റ് ലൈനുകളും സീബ്ര ലൈനുകളും നിലവിലില്ല ഇവ കൂടി ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.