മരട്: മരട് നഗരസഭയുടെ താൽക്കാലിക ഒഴിവിലേക്ക് നടക്കുന്ന ഇൻ്റർവ്യൂ അറിയിപ്പാണ് സോഷ്യൽ മീഡിയ വഴി കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് തരത്തിൽ പ്രചരിച്ചത്. ഇതോടെ ഉദ്യോഗാർത്ഥികളും കൗൺസിലർമാരും പൊതുജനങ്ങളും ആശയക്കുഴപ്പത്തിലായി. മരട് നഗരസഭ വസ്തു നികുതി ഡാറ്റാ പ്യൂരിഫിക്കേഷൻ്റെ ഭാഗമായിട്ടാണ് ഉദ്യോഗാർത്ഥികളെ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി എടുക്കുന്നത്. ഇതിൻ്റെ ഇൻ്റർവ്യൂ നടക്കുന്നത് 07-08-2024 ബുധനാഴ്ച രാവിലെ 11 മണിക്കാണ് എന്നാണ് മരട് നഗരസഭയുടെ രേഖാമൂലമുള്ള അറിയിപ്പിലുള്ളത്.
എന്നാൽ സോഷ്യൽ മീഡിയയിലടക്കം ഏറ്റവും കൂടുതൽ പ്രചരിച്ചത് 05-08-24 തിങ്കളാഴ്ചയാണെന്ന തെറ്റായ രീതിയിലാണ്. ഇത് കൗൺസിലർമാരടക്കം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നു. തെറ്റായ അറിയിപ്പ് വന്നതിനെ ചൊല്ലി കൗൺസിലർമാരുടെ സോഷ്യൽ മീഡ ഗ്രൂപ്പുകളിലടക്കം ചർച്ചയുണ്ടാവുകയും വിവാദമാവുകയും ചെയ്തു. മരട് നഗരസഭയിലെ ഉദ്യോഗസ്ഥരും കൗൺസിലർമാരും രണ്ട് തട്ടിലാണെന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്തരം തെറ്റായ അറിയിപ്പുകൾ പ്രചരിക്കാൻ കാരണമെന്ന ആക്ഷേപവും ശക്തമാണ്.
തിങ്കളാഴ്ചയാണ് ഇൻ്റർവ്യൂ നടക്കുന്നുവെന്ന തെറ്റായ അറിയിപ്പ് കുടുംബശ്രീ വഴിയാണ് പ്രചരിച്ചതെന്നും ഏഴാം തീയതി ബുധനാഴ്ചയാണ് ഇൻ്റർവ്യൂയെന്നാണ് സെക്രട്ടറിയുടെ രേഖാമൂലമുള്ള അറിയിപ്പെന്ന് നഗരസഭാധ്യക്ഷൻ ആൻ്റണി ആശാംപറമ്പിൽ പറഞ്ഞു. തിങ്കളാഴ്ചയാണ് ഇൻ്റർവ്യൂ നടക്കുന്നതെന്ന അറിയിപ്പ് അടിയന്തിരമായി കുടുംബശ്രീ വഴി നൽകാൻ മരട് നഗരസഭ സൂപ്രണ്ടാണ് തന്നോട് നേരിട്ട് പറഞ്ഞതെന്നും എന്നാൽ തീയതി മാറ്റിയ കാര്യം സൂപ്രണ്ട് തന്നെ അറിയിച്ചില്ലെന്നും സിഡിഎസ് ചെയർപേഴ്സൻ ടെൽമ പറഞ്ഞു.