മരട്: മാങ്കായിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം ശോചനീയാവസ്ഥയിൽ. കാലവർഷം ശക്തിപ്പെട്ടതോടുകൂടി കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. ഇതിനെത്തുടർന്ന് സ്കൂൾ അധികൃതരുടെ നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് നഗരസഭ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ വിരിക്കാൻ ടാർപോളിൻ വാങ്ങി നൽകിയെങ്കിലും വലിച്ച് കെട്ടാൻ പിടിഎ ഭാരവാഹികൾ മുകളിൽ കയറേണ്ടി വന്നു. നിലവിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് അധ്യയനം നടത്തുന്നത്. ക്ലാസ് മുറിയിലെ സീലിങ്ങുകൾ പലതും നിലം പതിക്കാറായി നിൽക്കുകയാണ്. ഇതിലൂടെ ക്ലാസ് മുറികളിൽ പ്രവേശിക്കുന്ന മരപ്പട്ടികൾ മലമൂത്ര വിസർജനം ചെയ്ത് മുറികളാകെ വൃത്തികേടാക്കിയിരിക്കുകയാണ്.
സാധാരണക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ കെട്ടിടം പുതുക്കി പണിയാത്തതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശക്തമായ പ്രതിഷേധമാണ് ഉള്ളത്. മരട് നഗരസഭയുടെ അനാസ്ഥയെ തുടർന്നാണ് മാങ്കായിൽ ഗവ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം ശോചനീയാവസ്ഥയിലായതെന്ന് എൽഡിഎഫ് ആരോപിച്ചു. സ്കൂളിലെ നാല് ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടം നഗര ഭരണാധികാരികളുടെ അനാസ്ഥ മൂലം ചോർന്നൊലിക്കുന്ന സ്ഥിതിയാണെന്നും അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് നഗരസഭ ചെയ്യേണ്ട പൊതുമരാമത്ത് പ്രവർത്തികൾ ചെയ്യാത്തതിനെ തുടർന്നാണ് കെട്ടിടങ്ങൾ ശോചനീയാവസ്ഥയിലെന്നും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായി അഞ്ച് ലക്ഷം രൂപ നഗരസഭ വകയിരുത്തിയെങ്കിലും അനാസ്ഥ മൂലം പ്രവർത്തികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കുറ്റപ്പെടുത്തി.
സ്കൂൾ കെട്ടിടം അറ്റ കുറ്റപ്പണി നടത്തണമെന്ന് എൽഡിഎഫ് കൗൺസിലർമാർ നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും നഗരസഭ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും നൂറു വർഷത്തിലധികം പഴക്കമുള്ള മാങ്കായിൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പുതുക്കി പണിയുന്നതിന് ഗവൺമെന്റിൽ സമ്മർദം ചെലുത്തുവാനോ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും സ്ഥലം എംഎൽഎ എന്ന നിലയിൽ ഈ വിഷയത്തിൽ ഇടപെടുവാനോ സ്കൂളിന്റെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുവാനോ എംഎൽഎയുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ലെന്നും പരീക്ഷകളിൽ 100% വിജയം കൈവരിക്കുന്ന സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്കൂൾ സന്ദർശിച്ച എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി. ആർ. ഷാനവാസ്, കൗൺസിലർമാരായ ദിഷ പ്രതാപൻ, ഇ. പി. ബിന്ദു, ഉഷാ സഹദേവൻ, സി. ടി. സുരേഷ്, ശാലിനി അനിൽരാജ് എന്നിവർ പങ്കെടുത്തു.