തൃപ്പൂണിത്തുറ: ഹോൺ മുഴക്കിയെന്ന കാരണം പറഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിച്ചയാൾ പിടിയിൽ.
പിറവം മുളക്കുളം അഖിൽ (34) ആണ് ഹിൽ പാലസ് പൊലീസിൻ്റെ പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അന്വേഷണത്തിനിടയിലാണ് പിടിയിലായത്. എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ സുബൈർ പി.ഐ (47) യ്ക്കാണ് മർദ്ദനമേറ്റത്. എറണാകുളത്തു നിന്നും കട്ടപ്പനയ്ക്ക് പോയ ബസിലെ ഡ്രൈവറായ സുബൈറിനു നേരെ വ്യാഴാഴ്ച്ച രാവിലെ 7.40 ഓടെ കണ്ണൻകുളങ്ങരയിൽ വച്ചായിരുന്നു മർദ്ദനം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയ ഡ്രൈവറെ പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അടിയേറ്റതിനെ തുടർന്ന് ഇയാളുടെ ചെവിയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്.
കണ്ണൻകുളങ്ങര ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനടുത്തായി നിർത്തിയ ഇന്നോവ കാറിനു പിന്നാലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ, സൈഡ് കിട്ടാത്തതിനെ തുടർന്ന് ഹോണടിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നു പറയപ്പെടുന്നു.
ബസ് തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഡ്രൈവർ സൈഡിലെ ഡോർ തുറന്ന് ഡ്രൈവറെ തലയ്ക്കും കൈയ്ക്കും അടിച്ച ശേഷം കാറിലുള്ളവർ രക്ഷപ്പെടുകയായിരുന്നു. പിറവം സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിൽപാലസ് പോലീസ് കേസെടുത്തിട്ടുണ്ട്.