മരട്: റോഡിൽ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളും ആട്ടിൻകൂട്ടങ്ങളും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നതായി പരാതി. സംഭവത്തിൽ പനങ്ങാട് പൊലീസിലും മരട് നഗരസഭയിലും പരാതി നൽകിയിരിക്കുകയാണ് കൊച്ചി സിറ്റി ആക്ഷൻ ഫോഴ്‌സ് മരട് സബ്ബ് വൈ. ക്യാപ്റ്റൻ വി. ജി. ബിജു. നെട്ടൂർ-മാടവന പി ഡബ്ല്യുഡി റോഡിൽ മാടവന മുതൽ നെട്ടൂർ നോർത്ത് ഭാഗം വരെയും മസ്ജിദ് റോഡ്, അമ്പലക്കടവ് കേട്ടേഴത്തും കടവ് റോഡ് പൂർണ്ണമായും തെരുവ് നായ്ക്കളുടെയും അലഞ്ഞ് തിരിയുന്ന ആട്ടിൻ പറ്റങ്ങളുടെയും നിയന്ത്രണത്തിൽ ആണെന്നും ബൈക്ക് യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും നേരെയും കുരച്ച് ചാടുന്ന തെരുവ് നായ്ക്കളുടെ കാഴ്ച പതിവാണ്.
എന്നാൽ അതിലേറെ ഭീഷണിയായി ആട്ടിൻ കൂട്ടങ്ങളും റോഡിൽ പിടിമുറുക്കുന്നു. യാത്രക്കാർക്കു നേരെ പാഞ്ഞ് അടുക്കുന്ന മുട്ടനാടുകൾ കൂട്ടത്തോടെ ആളെ ഇടിച്ച് വീഴ്ത്തുകയും ഇരുചക്രവാഹനങ്ങളിൽ ഇടിക്കലും പതിവാണ്. കൂടാതെ വ്യാപാര സ്ഥാപനങ്ങളിലും പ്രദേശത്തെ വീടുകളിലും അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കുന്നുണ്ട്. ആട്ടിൻ കൂട്ടത്തെ വാഹനം ഇടിക്കുന്ന സാഹചര്യമുണ്ടായാൽ ആടിൻ്റെ ഉടമസ്ഥർ വാഹനയാത്രക്കാരെ കൈയേറ്റം ചെയ്യാനും സാധ്യത കൂടുതലാണ്.ജനജീവന് വളരെ ഭീക്ഷണിയായി ഈ വിധം ആടിനെ അഴിച്ച് വിട്ട് വളർത്തുന്നവർക്ക് എതിരെ ശക്തമായ നിയമനടപടി ഉണ്ടാകണെമെന്നും ഈ ആട്ടിൻ കൂട്ടങ്ങളെയും നായ്ക്കളെയും പിടിച്ച് ഏതെങ്കിലും സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ച് ജനങ്ങൾക്ക് സുരക്ഷിത യാത്ര ചെയ്യാനുള്ള മേൽ നടപടി ഉണ്ടാകണെമെന്നും പരാതിയിൽ പറയുന്നുണ്ട്.