ആകാശപാത നിർമ്മാണം: ആശങ്കകൾ പരിഹരിക്കും; മന്ത്രി പി പ്രസാദ്

അരൂർ: ദേശീയപാതയുടെ അവസ്ഥ നേരിൽ കാണാനായി മന്ത്രി പി. പ്രസാദ് സ്ഥലം സന്ദർശിച്ചു. ആകാശപാത നിർമ്മാണത്തിൽ ജനങ്ങൾക്കുണ്ടായ ദുരിതങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. തുറവൂർ മുതൽ അരൂർ വരെയുള്ള ദേശീയപാതയിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതക്രമീകണം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വീണ്ടും ദേശീയപാത അധികൃതരുമായി ചർച്ച നടത്തുമെന്നും ദീർഘദൂര ഭാരമേറിയ വാഹനങ്ങൾ പരമാവധി തുറവൂർ-അരൂർ ഹൈവേ ഭാഗത്തേക്ക് വരാതിരിക്കാനുള്ള നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കണ്ടെയ്നർ ഉൾപ്പെടെയുള്ള കൊല്ലം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് തന്നെ എം സി റോഡ് വഴിതിരിച്ചു വിടുന്നതിന് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആലുവ റൂറൽ എസ്.പിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതല്ലാതെ എത്തുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ ജങ്ഷനിൽ നിന്ന് തിരിഞ്ഞ് തൃപ്പൂണിത്തുറ വഴി എം.സി റോഡിലേക്കോ വൈക്കം വഴിയോ പോകാൻ ക്രമീകരണം ഏർപ്പെടുത്തും. തെക്ക് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കൊല്ലം , കൊട്ടാരക്കര വഴി പരമാവധി പോകുന്നതിന് നിർദ്ദേശം നൽകി. ഇതിനായി അരൂരിൽ പൊലീസ് പെട്രോളിഗ് ഏർപ്പെടുത്തും. ബസ്സുകൾ സ്റ്റോപ്പിൽ നിർത്താത്തത് കാരണം സ്കൂൾ വീട്ടിൽ സമയത്ത് എത്താൽ പറ്റാത്ത അവസ്ഥയാണെന്ന് ചന്തിരൂർ ഹയർ സെക്കൻസറി സ്കൂൾ വിദ്യാർഥികൾ മന്ത്രിയോട് പരാതി പറഞ്ഞു. വണ്ടി നിർത്തുന്നതിന് പരിഹാരം ഉണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മൂടികിടക്കുന്ന കാന വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കും. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ പ്രവർത്തനം സജ്ജമാക്കും. നിർമ്മാണമേഖലയിൽ ഓവർ ടേക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കും.

അരൂർ എം.എൽ.എ. ദ ലിമാ ജോജോ, ജില്ലാ കലക്ടർ അലക്സ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ ഷാജി, വൈസ് പ്രസിഡൻ്റ് ആർ. ജീവൻ. അരൂർ പഞ്ചായത്ത് അംഗങ്ങളായ എം.പി. ബിജു, നൗഷാദ് കുന്നേൽ, ഇ.വി.തിലകൻ, ഉദയകുമാർ, സുമ ടീച്ചർ, സിനിമനോഹരൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.എം. അജിത്കുമാർ,സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് ബി.അൻഷാദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കെ. ഗൗരീശൻ, കെ.എം.സലിം എന്നിവർ സന്ദർശനത്തിൽ പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here