അരൂർ: തിമർത്ത് പെയ്യുന്ന തോരാമഴയും കാറ്റും അരൂർ മേഖലയിൽ കനത്ത നാശം വിതച്ചു. ചന്തിരൂർ കൊച്ചുവെളി കവലയിലെ പുല്ലുവേലി ഷെഡ്ഡിന്റെ ഷീറ്റ് മേൽക്കൂര കാറ്റിൽ തകർന്നു വീണു. ആളപായമില്ല. കഴിഞ്ഞ ദിവസം രാവിലെയുണ്ടായ ശക്തമായ കാറ്റിൽ ആണ് മേൽക്കൂര തകർന്ന് വീണത്. ബാൽക്കണിയിൽ നിന്നിരുന്ന ജീവനക്കാർ ഓടി രക്ഷപെട്ടു. ക്ഷേത്രങ്ങളിൽ വെള്ളക്കെട്ട് മൂലം ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനം നടത്തുവാൻ വളരെയധികം ബുദ്ധിമുട്ട് ഉണ്ടായി.
ഇന്ന് തൊട്ട് രാമായണമാസം ആരംഭിച്ചതിനാൽ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തിയത്. ശ്രീകോവിലിനും ചുറ്റമ്പലത്തിനും ഇടയിലുള്ള തിരുമുറ്റങ്ങളിൽ പല ക്ഷേത്ര പരിസരങ്ങൾ മഴ വെള്ളമാണ്. ദേവസ്വം ബോർഡ് അധികാരികൾ ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് ഭക്തർ ആവശ്യപ്പെട്ടു. മരം വീണ് വീടിന് നാശ നഷ്ടം സംഭവിച്ചു. അരൂർ കൂമ്പേൽ വീട്ടിൽ ശ്യാമള അരവിന്ദൻ്റെ വീട്ടിലേക്കാണ് മരം വീണത്.
അരൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ പള്ളിപ്പറമ്പിൽ താമസിക്കുന്ന അയൽ വാസികളുടെ ചാഞ്ഞു നിന്ന വലിയ മരങ്ങൾ വീടിൻ്റെ മുകളിലേക്ക് വീണത് വലിയ നാശനഷ്ടം ഉണ്ടാക്കിയത്. മേൽക്കൂര പൂർണ്ണമായും തകർന്നു. നിരവധി തവണ വീട്ടുകാരോട് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുവാൻ നേരിട്ടും വാർഡ് മെമ്പർ മുഖേനയും പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു.
ചാഞ്ഞു നിന്ന മൂന്നു മരങ്ങളും വൈദ്യുതി തൂണ് സഹിതം വീടിൻ്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് വീടിനകത്ത് ശ്യാമളയും 6 വയസ്സായ കൊച്ചുമകളും ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഓടി മാറിയതിനാൽ ആളാപയം ഒഴിവായി. അപകട ഭീഷിണിയുമായി ഈ വസ്തുവിൽ നിരവധി മരങ്ങൾ ചാഞ്ഞു നിൽക്കുന്നതായി പ്രദേശവാസികൾ പറയുന്നു. കൂടാതെ വിവിധ പ്രദേശങ്ങളിൽ മരങ്ങളും മറ്റും കടപുഴകി വീണിട്ടുണ്ട്.