തൃപ്പൂണിത്തുറയെ എറണാകുളത്തിൻ്റെ കിഴക്കൻ കവാടമാക്കി ഉയർത്തണം: ഹൈബി ഈഡൻ എം.പി.

തൃപ്പൂണിത്തുറ: എറണാകുളം നഗരത്തിന്റെ കിഴക്കൻ കവാടമാക്കി തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ വികസിപ്പിക്കണമെന്ന് ഹൈബി ഈഡൻ എം.പി. ആവശ്യപ്പെട്ടു. 48 ട്രെയിനുകൾക്ക് സ്റ്റോപ്പുകളുള്ള അങ്കമാലിയേക്കാളും, 63 ട്രെയിനുകൾക്ക് വീതം സ്റ്റോപ്പുകളുള്ള കരുനാഗപ്പള്ളി, മാവേലിക്കര റെയിൽവേ സ്റ്റേഷനുകളേക്കാളും കൂടുതൽ വരുമാനം ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള ഒരു ട്രെയിനും, ഒരു ഭാഗത്തേക്ക് മാത്രം സ്റ്റോപ്പുള്ള രണ്ട് ട്രെയിനുകളും അടക്കം കേവലം 18 ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പുകളുള്ള തൃപ്പൂണിത്തുറ സ്റ്റേഷനിൽ ഉണ്ട് എന്നുള്ളത് തൃപ്പൂണിത്തുറയുടെ വികസന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.

മാസം 2 കോടിയിലേറെ രൂപ വരുമാനമുള്ള തൃപ്പൂണിത്തുറ സ്റ്റേഷനിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, കോവിഡിന് മുമ്പ് സ്റ്റോപ്പുണ്ടായിരുന്ന എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസിൻ്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കാൻ റെയിൽവേ തയ്യാറാകണമെന്നും, റിസർ വേഷൻ കൗണ്ടറിന്റെ സമയ ക്രമം പുനസ്ഥാപിക്കണമെന്നും ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. പ്രതിമാസം രണ്ടു കോടിയിലേറെ വരുമാനമുള്ള തൃപ്പൂണിത്തുറ സ്റ്റേഷനിൽ കൂടുതൽ ദീർഘ ദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്നാവശ്യപ്പെട്ടും, സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും, പ്രതിമാസം ഒന്നര ലക്ഷത്തിലേറെ യാത്രക്കാരുമുള്ള സ്റ്റേഷനോടുള്ള അവഗണന റെയിൽവേ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡൻ്റ്സ് അസോസിയേഷൻ (ട്രുറ) നടത്തിയ സായാഹ്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഹൈബി ഈഡൻ.

എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ കോട്ടയത്തു നിന്ന് ആരംഭിക്കണമെന്ന് ധർണയിൽ സംസാരിച്ച കെ. ബാബു എം.എൽ.എ ആവശ്യപ്പെട്ടു. റെയിൽവേ വികസനത്തിനായി ട്രുറ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് നഗരസഭ എല്ലായിപ്പോഴും ഒപ്പമുണ്ടാകുമെന്ന് നഗരസഭാധ്യക്ഷ രമാ സന്തോഷ് പറഞ്ഞു. ട്രുറ ചെയർമാൻ വി. പി. പ്രസാദ് അദ്ധ്യക്ഷനായിരുന്നു. ഭാരവാഹികളായ വി. സി. ജയേന്ദ്രൻ, എസ്. കെ. ജോയ്, അംബികാസോമൻ, എം. രവി, ,സേതുമാധവൻ മൂലേടത്ത്, പി. എം. വിജയൻ, സി. എസ്. മോഹനൻ എന്നിവർ സംസാരിച്ചു. ജിജി വെണ്ടറപ്പള്ളി, എ. റ്റി. ജോസഫ്, ആർ. കൃഷ്ണസ്വാമി, എം. എസ്. നായർ, ജി. ജയരാജ്, കെ. പത്മനാഭൻ, എ. ശേഷാദ്രി, ഡി. മനോഹരൻ, മുരളി കൃഷ്ണദാസ്, പി. എൻ. രവി, സെലിൻ ജോൺസൺ, സിന്ധുദാസ് തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here