തൃപ്പൂണിത്തുറ: ചൂരക്കാട് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 12 പ്രതികൾ കീഴടങ്ങി. സുപ്രീം കോടതിയിൽ കഴിയഞ്ഞ ദിവസം നൽകിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ചൊവ്വാഴ്ച അസി.കമ്മീഷറുടെ ഓഫീസിൽ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന 12 പ്രതികളും കീഴടങ്ങുകയായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശികളായ വടയാഴത്ത് രഞ്ജിത്ത് (41), പി. കെ. നിവാസ് കൃഷ്ണകുമാർ (52), മംഗലത്ത് പ്രവീൺ (32), താത്തോടത്ത് ചന്ദ്രമോഹൻ (52), തൈപ്പറമ്പിൽ വിഷ്ണു (27), അതിർ കണ്ടത്തിൽ സുരേഷ്കുമാർ (47), അതിർ കണ്ടത്തിൽ രാംകുമാർ (41), വെട്ടുവേലിൽ മധു (45), നാലുകെട്ടിൽ സനിൽ കുമാർ (41), മംഗലത്ത് പറമ്പിൽ എം. ആർ. ഹരികൃഷ്ണൻ (24), കളരിക്കത്തറ അജി (40) പദ്മവിലാസം രാംകുമാർ (39) എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.
തൃപ്പൂണിത്തുറ ചൂരക്കാട് വൈഎംഎ റോഡിൽ അനധികൃത സ്ഫോടകവസ്തു സംഭരണ കെട്ടിടത്തിലായിരുന്നു വൻ സ്ഫോടനം. സ്‌ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ദേവസ്വം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാരത്തിൻ്റെ താലപ്പൊലി ആഘോഷത്തിന് കത്തിക്കാൻ ശേഖരിച്ചിരുന്ന വൻ വെടിക്കോപ്പുകളാണ് പൊട്ടിത്തെറിച്ചത്. ഫെബ്രുവരി 11ന് രാവിലെ 10 മണിക്കാണ് നഗരത്തെ നടുക്കിയ ഉഗ്രസ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. ഒരു കിലോമീറ്ററിലധികം ചുറ്റളവിലുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. തിരുവനന്തപുരം വർക്കലയിൽ നിന്നും തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ദേവസ്വം ക്ഷേത്രത്തിലെ വടക്കേ ചേരുവാരം താലപ്പൊലിയോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗത്തിന് എത്തിച്ച ഡൈനാമിറ്റ്, അമിട്ട്, ഗുണ്ട് തുടങ്ങിയ സ്ഫോടകവസ്തുക്കൾ തൃപ്പൂണിത്തുറ ചൂരക്കാട് വടക്കേ ചേരുവാരത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് ടെംപോ ട്രാവലറിൽ എത്തിച്ച സ്ഫോടക സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്.
വാഹനത്തിൽ നിന്നും കെട്ടിടത്തിലേക്ക് ഇറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഈ സമയം സംഭവസ്ഥലത്തെ വെടിക്കെട്ട് നിർമ്മാണ തൊഴിലാളികളായ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. 329 വീടുകളെയാണ് സ്ഫോടനം ബാധിച്ചത്. അതിൽ 322 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു വീട് പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. നാല് സർക്കാർ ഓഫീസുകൾക്കും മൂന്ന് സ്വകാര്യ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രദേശവാസികളിൽ പലരും ഇന്നും സ്ഫോടനത്തിൻ്റെ നടുക്കത്തിൽ നിന്നും മുക്തരായിട്ടില്ല.