മരട്: മരട് നഗരസഭ പ്രദേശത്തെ വിവിധ വാർഡുകളിലെ വഴിവിളക്കുകൾ കത്താതായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരിന്നു നഗരസഭാ കവാടത്തിൽ കൗൺസിലർമാരുടെ ചൂട്ടു കത്തിച്ചുള്ള പ്രതിഷേധം. ലൈറ്റുകൾ നന്നാക്കുന്നതിന് നഗരസഭ പ്രതിഫലം നൽകാത്തതിനാൽ നിലവിലെ കരാറുകാരൻ പ്രവൃത്തികൾ ചെയ്യുന്നില്ല.
ചേരുന്ന എല്ലാ കൗൺസിൽ യോഗങ്ങളിലും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങൾ ഈ ആവശ്യം ഉന്നയിക്കുമെങ്കിലും ചെയർമാൻ ഗൗനിക്കാത്തതിൽ അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു. കരാറുകാരും ചെയർമാനും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എൽ ഡി എഫ് പാർലിമെണ്ടറി പാർട്ടി ലീഡർ സി.ആർ ഷാനവാസ് പറഞ്ഞു. ദിഷ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സി. വി. സന്തോഷ്, സി. ടി. സുരേഷ്, ഇ. പി. ബിന്ദു, കെ. വി. സീമ, ജിജി പ്രേമൻ, ശാലിനി അനിൽ രാജ്, ഷീജാ സാൻ കുമാർ എന്നിവർ സംസാരിച്ചു.