അരൂർ: അരൂർ-തുറവൂർ ആകാശപാത നിർമ്മാണ കരാർ കമ്പനിയായ അശോക ബിൽകോണിന്റെ ഓഫിസിലേയ്ക്ക് എ.ഐ.വൈ.എഫ്. നടത്തിയ മാർച്ചിൽ സംഘർഷം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നയിച്ച പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റു. ആകാശപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ പ്രതിഷേധിച്ച് ആകാശപാത നിർമ്മാണ കരാർ കമ്പനിയായ അശോക ബിൽകോണിന്റെ തുറവൂരിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് എ.ഐ.വൈ.എഫ്. അരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.
പൊലീസ് ബാരിക്കേഡ് തകർത്ത പ്രവർത്തകർ കരാർ കമ്പനിയുടെ ഓഫിസിനടുത്തേയ്ക്ക് നീങ്ങി. വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. ആകാശപാത നിർമാണവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയുടെ കരാർ-നിയമ ലംഘനങ്ങൾ അധികൃതർ പരിശോധിക്കുക, ഉയരപ്പാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക, ദേശീയ പാത അതോറിറ്റിട്ടിയുടെ നിസ്സംഗത അവസാനിപ്പിക്കുക, അരൂർ മുതൽ തുറവൂർ വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക, അഴുക്ക് ചാൽ നിർമ്മിച്ച് വെള്ളക്കെട്ട് പരിഹരിക്കുക, അപകടത്തിൽ മരണപ്പെട്ടവർക്ക് ധന സഹായം നൽകുക, സമാന്തരപാതകൾ നിർമ്മിച്ച് ഗതാഗതം സുഗമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഐവൈഎഫ് അരൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
തുറവൂർ കവലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് അശോക ബിൽകോൺ കമ്പനിക്ക് മുന്നിൽ സിപിഐ മണ്ഡലം സെക്രട്ടറി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാർച്ചിൽ എ.ഐ.വൈ.എഫ്. അരൂർ മണ്ഡലം പ്രസിഡൻറ് ടി തിഞ്ചുമോൻ അധ്യക്ഷത വഹിച്ചു, എ.ഐ.വൈ.എഫ് അരൂർ മണ്ഡലം സെക്രട്ടറി സി അജിത് കുമാർ സിപിഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എസ് അശോക് കുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി മനോജ്കുമാര്‍,എം പി ബിജു , സിപിഐ അരൂർ മണ്ഡലം കമ്മിറ്റി അംഗം വി എൻ അൽത്താഫ്, എഐഎസ്എഫ് അരൂർ മണ്ഡലം സെക്രട്ടറിനിതിൻ എ എസ് എന്നിവർ സംസാരിച്ചു. മാർച്ചിന് എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി പ്രമുദ്യ, ദിനൻ, റെജീന സെൽവി, നീതു കെ എസ്,സിപിഐ മണ്ഡലം കമ്മിറ്റി അംഗം എൻ കെ മുരളി, കെ പി ദിലീപ് കുമാർ, എൽസി സെക്രട്ടറി കെ ബി സജീവ് എന്നിവർ നേതൃത്വം നൽകി.