അരൂർ: തുറവൂർ-അരൂർ ഉയരപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭകൊതി പൂണ്ട് കരാറുകാർ നടത്തുന്ന ജനവിരുദ്ധ സമീപനങ്ങൾക്ക് നാഷണൽ ഹൈവെ അതോറിറ്റി കൂട്ടുനിൽക്കുകയാണെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. സി.പി.ഐ. അരൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ അരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്രാ ദുരിതമേറിയതിന് പുറമെ ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങൾ നടത്തിയവരുടെ ഉപജീവന മാർഗ്ഗവും നിലച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പൈലിങ്നടത്തി പുറന്തള്ളുന്ന ചെളിയും റോഡിൽ തന്നെ നിക്ഷേപിക്കുന്ന സ്ഥിതി അനുവദിക്കുവാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അരൂർ – തുറവൂർ ഉയരപാതയ്ക്ക് ഇരുവശവുമുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കുക,യാത്രാ ദുരിതം പരിഹരിക്കുക,മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും പ്രത്യേക നഷ്ടപരിഹാരം നൽകുക, റോഡിനിരുവശവും ഡ്രൈനേജ് സംവിധാന മേർപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്.
സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം ടി.പി.സതീശൻ അദ്ധ്യക്ഷനായിരുന്നു. പി. എം. അജിത് കുമാർ, എസ്. അശോക് കുമാർ, എം. പി. ബിജു, ഒ. കെ. മോഹനൻ, പി. മനോജ് കുമാർ, കെ. പി. ദിലീപ് കുമാർ, വി. കെ. ചന്ദ്രബോസ്, വി. എൻ. അൽത്താഫ് എന്നിവർ പ്രസംഗിച്ചു.