അരൂർ: തുറവൂർ-അരൂർ ആകാശപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ യാത്ര പ്രശ്നങ്ങൾ ജില്ലാ കലക്ടർ നേരിട്ട് വിലയിരുത്തി. തുറവൂർ മുതൽ അരൂർ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യഘട്ടമായി അരൂർ നിന്നും തുറവൂർ വരെയുള്ള നിലവിലുള്ള നിർമ്മാണ പ്രവർത്തികളുടെ കിഴക്കുഭാഗത്തെ റോഡ് ടാർ ചെയ്യുമെന്ന് ആലപ്പുഴ ജില്ല കലക്ടർ അലക്സാണ്ടർ വർഗീസ് പറഞ്ഞു. നിലവിൽ അരൂർ നിന്ന് തുറവൂരിലേക്ക് പോകുന്ന കിഴക്കുഭാഗത്തെ റോഡാണ് ആദ്യം ടാർ ചെയ്യുക.
ഇതിനായി തുടർച്ചയായ മഴ തീർന്നാലുടനെ വാഹനഗതാഗതം ടാർ ചെയ്യുന്ന മൂന്നുദിവസത്തേക്ക് ഗതാഗതം തിരിച്ചുവിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അവധി ദിവസങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് തുറവൂരിൽ ചേർന്ന ദേശീയപാത അധികൃതരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കലക്ടർ നിർദേശം നൽകി. റോഡ് ഗതാഗതം നിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗ തീരുമാനങ്ങൾ ജില്ലയുടെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി പി. പ്രസാദുമായി ചർച്ച ചെയ്ത് അന്തിമ അനുവാദം ലഭിച്ച ശേഷം നടപ്പിലാക്കുമെന്ന് കലക്ടർ പറഞ്ഞു.12 കിലോമീറ്റർ വരുന്ന ഈ ഭാഗം ഒരുവശം കുഴി അടച്ച് ടാർ ചെയ്യുന്നതിന് മൂന്ന് ദിവസം ആണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഭാഗത്ത് കൂടുതൽ കുഴികൾ ഉള്ളത് പരിഗണിച്ചാണ് ആദ്യം ഈ ഭാഗം നന്നാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
തുടർന്ന് പടിഞ്ഞാറുഭാഗത്തെ റോഡിൻ്റെ ടാറിങ്ങും നടത്തും. ഇതിനായി പിന്നീട് ഗതാഗത ക്രമീകരണം നടത്തേണ്ടി വരും. സാധ്യമെങ്കിൽ മഴ മാറി നിൽക്കുന്ന പക്ഷം ശനിയാഴ്ചയോ ഞായറാഴ്ചയോ പണികൾ ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് യോഗം വിലയിരുത്തി. പാലത്തിൽ സ്ഥാപിക്കുന്നതിനുള്ള ഗർഡറുകൾ കൊണ്ടു പോകുന്ന സമയത്തും മുകളിൽ സ്ഥാപിക്കുന്ന സമയത്തും ഗതാഗതം ക്രമീകരിക്കേണ്ടി വരുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. മുൻപ് എടുത്ത തീരുമാനം അനുസരിച്ച് ദീർഘദൂര വണ്ടികൾ അങ്കമാലിയിൽ നിന്ന് എം സി റോഡ് വഴിതിരിച്ചു വിടുന്നതിനുള്ള ബോർഡുകളും സൂചകങ്ങളും സ്ഥാപിച്ചിട്ടുള്ളതായി ദേശീയപാത അധികൃതർ അറിയിച്ചു. തെക്ക് നിന്ന് വരുന്ന ദീർഘദൂര വാഹനങ്ങൾ കൊല്ലത്തുനിന്ന് എംസി റോഡ് വഴി പോകുന്നതിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
ടാറിങ്ങിനായി ഗതാഗതം തിരിച്ചുവിടുമ്പോൾ ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരൂരിൽ നിന്ന് അരൂക്കുറ്റി ,പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി വഴി തുറവൂരിലേയ്ക്ക് വഴി തിരിച്ചുവിടും. ഈ റോഡ് ടാറിങ് പൂർത്തിയാക്കി കഴിഞ്ഞാൽ പടിഞ്ഞാറെ ഭാഗത്തെ റോഡ് ടാർ ചെയ്യും. ഈ സമയം തെക്ക് നിന്ന് വരുന്ന വരുന്ന വാഹനങ്ങൾ തുറവൂരിൽ നിന്ന് ടാറിങ് പൂർത്തിയായ റോഡിലൂടെ വടക്കോട്ട് പോകുന്ന വിധത്തിലാണ് ഗതാഗത ക്രമീകരണം തീരുമാനിച്ചിട്ടുള്ളത്. ദേശീയ പാത പ്രോജക്ട് ഡയറക്ടർ, ദേശീയ പാത നിർമാണം വിഭാഗം ഡെപ്യൂട്ടികലക്ടർ എസ്. ബിജു, പി. വി. സജീവ്, പോലീസ്, മോട്ടോർ വാഹന വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ ദേശീയ പാതക്ക് ഇരു വശവുമുള്ള കാനകൾ വൃത്തിയാക്കുന്നതിനുള്ള തീരുമാനം ഉണ്ടാകാതിരുന്നതും പഴയ റോഡിലേക്കുള്ള പ്രവേശന കവാടങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള നടപടിയും ഇല്ലാതിരുന്നത് അപലപനീയമാണെന്നും സൗഹൃദം കൂട്ടായ്മ ജില്ലാ പ്രസിഡൻ്റ് ബി.അൻഷാദും, വോയിസ് ഓഫ് കുത്തിയതോട് ഭാരവാഹികളും പറഞ്ഞു.