നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി

കൊച്ചി: ഓരോ മണ്ഡലത്തിലെയും സ്‌ട്രോംഗ് റൂമുകള്‍ രാവിലെ 6 ന് തുറക്കും. വോട്ടെണ്ണല്‍ മേശകളിലേക്കുള്ള ജീവനക്കാരെ റാന്‍ഡമൈസേഷനിലൂടെ തീരുമാനിക്കും. ഏഴു മണിയോടെ റാന്‍ഡ മൈസേഷന്‍ പൂര്‍ത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും. തുടര്‍ന്ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുക. 500 വീതമുള്ള കെട്ടുകളാക്കി തിരിച്ചാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റല്‍ ബാലറ്റുകള്‍ തുറക്കുക. 8.30 ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ല്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലമറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയായ ശേഷമായിരിക്കും വെബ്‌സൈറ്റിലേക്ക് ഡേറ്റ എന്റര്‍ ചെയ്യുക. റൗണ്ടുകളുടെ ഫലങ്ങള്‍ എന്‍കോര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഇതിന്റെ ഫലം പ്രിന്റെടുത്ത് വരണാധികാരിയും നിരീക്ഷകനും പരിശോധിച്ച് അനുമതി നല്‍കിയ ശേഷം എന്‍കോര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു തന്നെ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കും. ഈ ഫലമാണ് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.

ഒരു റൗണ്ടില്‍ 17 ടേബിളുകളിലെ മെഷീനുകളാണ് എണ്ണുന്നത്. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളും അണുവിമുക്തമാക്കി സുരക്ഷിതമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെണ്ണല്‍ പുരോഗമിക്കുക. വോട്ടെണ്ണല്‍ മേശകള്‍ നിശ്ചിത അകലം പാലിച്ചായിരിക്കും ക്രമീകരിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് എല്ലാ ടേബിളുകളിലും സാനിറ്റൈസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ റൂം സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിലാണ് കേന്ദ്രീകൃത മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക്
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കി കൗണ്ടിംഗ് സെന്ററില്‍ പ്രവേശിക്കാം. വോട്ടെണ്ണലിനെ തുടര്‍ന്ന് പതിവ് രീതിയിലുള്ള വിജയഹ്ലാദമോ പ്രകടനമോ അനുവദിക്കില്ല. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. വോട്ടെണ്ണലിനു ശേഷം വോട്ടിംഗ് മെഷീനുകള്‍ അന്നു തന്നെ കവചിത വാഹനത്തില്‍ കുഴിക്കാട്ടുമൂലയിലെ സര്‍ക്കാര്‍ ഗോഡൗണിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here